തിരുവനന്തപുരം: തലസ്ഥാന ഹ്യദയമായ തമ്പാന്നൂരിൽ നിന്ന് കേരളത്തിൽ എവിടേക്കും മിനിറ്റ് വ്യത്യാസത്തിൽ ട്രെയിനും ബസും കിട്ടും. വിമാനത്താവളവും തൊട്ടടുത്താണ്. എന്നാൽ ഇനി തലസ്ഥാനത്തുനിന്ന് ബോട്ടിൽ കൊച്ചിയിലോ കാസർഗോട്ടേക്കോ പോകാൻ റെഡിയായിക്കോളൂ.
ജലഗതാഗതത്തിൽ അത്ഭുത സാധ്യതയുള്ള ആക്കുളം-ചേറ്റുവ ജലപാതയുടെ ആദ്യഘട്ടം ഫെബ്രുവരി 26-നാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്. ഇതോടെ ദേശീയപാത 3 ന്റെ ജലവഴികൾ തലസ്ഥാനത്തേക്കും തുറന്നു കിട്ടും.
തമ്പാന്നൂരിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട് ഇന്നറിയപ്പെടുന്നത് മലിനജല പ്രവാഹമായിട്ടാണെങ്കിലും ആ തോട് നവീകരിച്ചാൽ എത്തുന്നത് പാർവതീപുത്തനാറിലേക്കും തുടർന്ന് ആക്കുളം കായലിലേക്കുമാണ്. വർക്കല, തുരപ്പ്, ചിലക്കൂർ ഭാഗങ്ങൾ കാടുമൂടിപ്പോയതിനാൽ ദുഷ്കരമായി കിടന്ന ജലഗതാഗതത്തിന്റെ ഒരു പ്രധാനഘട്ടം ഉദ്ഘാടനത്തോടെ തുറന്നു കിട്ടുകയായി.
കഠിനംകുളം കായൽ മുതൽ വാമനപുരം നദിയിലൂടെ ഇടവാകായൽ വഴി കടന്നുപോകുന്ന പാർവതീ പുത്തനാറിന്റെ ഒരു ഭാഗമായി കിള്ളിയാറിലൂടെ കടന്നുവരുന്ന ആമയിഴഞ്ചാൻതോട് മാറുന്നുണ്ട്. ടിഎസ് കനാൽ എന്നറിയപ്പെടുന്ന തിരുവിതാംകൂർ സ്റ്റേറ്റ് കനാലിന്റെ ഭാഗമായാണ് രാജഭരണകാലത്ത് ഈ കനാൽ നിർമിച്ചത്. 1993-ൽ ഇതു ദേശീയ ജലപാതയുടെ ഭാഗമായി.
കോവളം, തിരുവന്നപുറം, വർക്കല, കൊല്ലം, കായംകുളം, ചേർത്തല, വൈക്കം, ചമ്പക്കര, കൊടുങ്ങല്ലൂർ കനോലിക്കനാൽ, പയ്യോളി, മാഹി കനാലുകൾ എന്നിവ വഴിയാണ് ഈ പാത ബേക്കലിൽ എത്തുന്നത്.
കോവളത്തുനിന്ന് ബേക്കലിലേക്കുള്ള ദൂരം റോഡുവഴിയും ജലമാർഗവും ഏതാണ്ട് 580 കിലോമീറ്ററിനടുത്ത് വരും. എന്നാൽ ഇപ്പോൾ തുറക്കുന്ന ആക്കുളം ചേറ്റുവ ഭാഗത്ത് ദൈർഘ്യം റോഡിനേക്കാൾ കുറവാണ്. ട്രാഫിക് പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ സ്പീഡ് ബോട്ടിൽ 10 മണിക്കൂറിൽ താഴെ മതി.
തൃശൂരിലെ ചേറ്റുവ വരെയുള്ള 280 കിലോമീറ്റര്‍ കനാല്‍പാത കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 39 പുഴകള്‍, കായലുകള്‍, കനാലുകള്‍ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് 11 ജില്ലകളെ ബന്ധിപ്പിക്കുന്ന കോവളം-ബേക്കല്‍ പാതയെ ചരക്കുനീക്കത്തിനും ടൂറിസത്തിനും തുല്യപ്രാധാന്യം നല്‍കിക്കൊണ്ട് 24 മണിക്കൂറും ഗതാഗതയോഗ്യമായ ആധുനിക ജലപാതയായി വികസിപ്പിച്ചുവരികയാണ്.
വര്‍ക്കലയിലെ ചരിത്രപ്രസിദ്ധമായ ചിലക്കൂര്‍ തുരങ്കത്തിന്റെ നവീകരണവും വിനോദസഞ്ചാര കേന്ദ്രീകൃത സൗന്ദര്യവല്‍ക്കരണവും സിയാല്‍ നടപ്പാക്കുകയാണ്. ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശവും, കേരള ചരിത്രം, സാംസ്കാരിക പൈതൃകം എന്നിവ ചിത്രീകരിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇലക്ട്രിക് ബോട്ടും സിയാല്‍ പുറത്തിറക്കും.
സംസ്ഥാന ജലപാതയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി തൃശൂര്‍-കാട്ടൂര്‍ ഭാഗത്തെ മധുരംപള്ളിയില്‍ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വീതിയും ആഴവും കൂട്ടി. തൃപ്രയാര്‍, കണ്ടശാങ്കടവ്, ഏനാമാവ് എന്നിവിടങ്ങളില്‍ മൂന്ന് ബോട്ട് ജെട്ടികളുടെ നിര്‍മാണം ആരംഭിച്ചു. ആക്കുളത്തിനും കൊല്ലത്തിനും ഇടയില്‍ നാല് ബോട്ട് ജെട്ടികള്‍ സ്ഥാപിച്ചു.